ഇത് നിർമ്മാണത്തിനുള്ള ഒരു വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം പൂർണ്ണമല്ല . താമസിയാതെ ഇത് പൂർണ്ണമാകുന്നതാണ്
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

 

                                                                  നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ - സാംസ്കാരിക ചരിത്രത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്തിനും അതീവ സമ്പന്നമായ പൈതൃകം അവകാശപ്പെടാനുണ്ട്. കുറുമ്പ്രനാട് താലൂക്കിലെ പ്രസിദ്ധമായ സുഗന്ധ വ്യഞ്ജനങ്ങളും നമ്മെ വിളികൂട്ടും തേടി ചീനക്കപ്പലുകളും അറബി നാട്ടുകളും തുടർന്ന് യൂറോപ്യന്മാരും വന്നെത്തിയ കാപ്പാട് കടപ്പുറവും അതുമായി ചീനയും അറബ് നാടുകളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടെ തെളിവുകൾ ഉൽബുദ്ധ ബുദ്ധമതങ്ങളുടെയും മാർക്കോ പോളോയുടെ സഞ്ചാര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഡാഡിൻസിനു മുമ്പ് ടോക്കിയോ സർവ്വകലാശാലയിലെ ചരിത്ര വിഭാഗം തലവനായ ഡോ. ഹർഷിത്വമും കേരളത്തിലെ ചരിത്രപണ്ഡിതനായ ഡോ. എം.ജി.എസ്. നാരായണ വർമ്മയും ചേർന്ന് കടലാട്ടൂം ചീനച്ചേരിയിലും നടത്തിയ പഠനങ്ങളിൽ ഈ വ്യാപാര ബന്ധത്തിന്റെ സൂചനകളായ ഒട്ടേറെ തെളിവുകൾ സൂചിപ്പിക്കുന്നുണ്ട്. തീരപ്രദേശങ്ങളിൽ പരമ്പരാഗതമായി ബന്ധപ്പെട്ട് ഒരു സംസ്കാരം വളർന്നു വരുമ്പോൾ തന്നെ ഉഴവ്, പകൽ, കൊയ്ത്ത്, മെതി തുടങ്ങിയ തൊഴിലിൽ ഏർപ്പെട്ടു കൊണ്ടുള്ള ശക്തമായ ഒരു കാർഷിക സാംസ്കാരിക പാരമ്പര്യം ഈ ബ്ലോക്കിലെ മറ്റ് പ്രദേശങ്ങളിൽ രൂപപ്പെട്ടു വന്നു. വടക്കൻ പാട്ടുകൾ തൊട്ട് ഇത്തരത്തിൽ കൂട്ടം ചേർന്ന് പാടിക്കൊണ്ട് തൊഴു നടത്തുന്ന കാഴ്ച സാധാരണയും ഹൃദ്യവുമായിരുന്നു. ഉച്ചാരൻ, ശീകോതി, കലിയൻ, കലിപ്പ്, തുടങ്ങിയ ഐശ്വര്യ സമൃദ്ധിക്ക് വേണ്ടിയുള്ള ചടങ്ങുകൾ ആചരിക്കുന്നതും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി മാറി.

                                                          ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സ്വാതന്ത്ര്യ സമരത്തിന്റെ ഉത്തേജകങ്ങളായ സാംസ്കാരിക പ്രവർത്തനങ്ങളും വിപ്ലവ പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അക്കാലത്ത് മലബാറിൽ നാടകങ്ങൾ അവതരിപ്പിച്ചിരുന്നത് തമിഴ്നാട്ടിൽ നിന്നും വന്ന നാടക സംഘങ്ങളായിരുന്നു. എന്നാൽ അക്കാലത്ത് തന്നെ മലബാറിലെ ആദ്യത്തെ നാടക വേദി മൂടാടി ഗ്രാമപഞ്ചായത്തിലെ ചിങ്ങപുരത്ത് തിക്കോടിയന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരുന്നു. സ്വാതന്ത്ര്യസമര സേനാനികളിൽ വിസ്മരിക്കാൻ കഴിയാത്ത മഹദ് വ്യക്തിത്വമായ കേരള ഗാന്ധി എന്നറിയപ്പെടുന്ന കേളപ്പജിയുടെ ജന്മം കൊണ്ട് അനുഗൃഹീതമാണ് നമ്മുടെ ബ്ലോക്കിൽ പെട്ട മൂടാടി ഗ്രാമ പഞ്ചായത്ത്. 1921 ൽ കേരളാജിക് ചിങ്ങപുരം ഗ്രാമീണ വായനശാലയിൽ നൽകിയ സ്വീകരണത്തോടെയാണ് സ്വാതന്ത്ര്യസമര പ്രസ്ഥാനം ശക്തി പ്രാപിക്കുന്നത്. അന്നു കേരളാജിക് ഇരിക്കാൻ ഒരു സ്റ്റൂൾ നൽകിയതിന്റെ പേരിൽ കോട്ടപ്പൂരം ഗേൾസ് ഹൈസ്കൂളിന്റെ അംഗീകാരം ബ്രിട്ടീഷുകാർ പിൻവലിക്കുകയുണ്ടായി. കീഴരിയൂർ ബോംബ് കേസിലെ പ്രതികളും സ്വാതന്ത്ര്യസമര സേനാനികളും ചേർന്നാവിസ് നാരായണൻ നായർ, കേളപ്പജിയുടെ മകൻ കുഞ്ഞിരാമകിടാവ്, മാരോളിചന്ദ്രൻ കണ്ടി ഗോവിന്ദൻ നായർ, മഞ്ചക്കണ്ടി അച്ചു വൈദ്യർ, ചേമഞ്ചേരി രജിസ്ട്രേഷൻ ആഫീസ് തീവെപ്പ് കേസ് പ്രതികളായ വടക്കണ്ടി ഉണ്ണിനായർ, വടക്കേ പണിക്കോട്ട് ചാത്തുക്കുട്ടി നായർ, പുരഞ്ഞി ശൈലിയിൽ മാധവൻ നായർ, കെ.വി. മാധവൻ നായർ, മാധവൻ കിടാവ്, അച്ചു നായർ, യൂകെ കൃഷ്ണൻ നായർ, തറയിൽ ഉണ്ണി നായർ എന്നിവരടക്കം പുറമെ സ്വാതന്ത്ര്യത്തിന്റെ ബലിപീഠത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ആത്മസമർപ്പണം നടത്തിയ ഒട്ടേറെ പേർ ഈ ബ്ലോക്കിലുണ്ടായിരുന്നു. ആ മഹദ് വ്യക്തികളെ ആദരപൂർവ്വം സ്മരിക്കുവാൻ നമുക്ക് കഴിയൂ.

                                                      അയിത്താചാരണം, പെൺകുട്ടികൾ ഋതുമതികളാകുന്നതിനു മുമ്പ് നമ്പൂതിരിയെ കൊണ്ട് താലി കെട്ടിക്കുന്ന സമ്പ്രദായം ആർത്തവാചര്യം നടത്തുന്ന തിരണ്ടുകല്യാണം, താഴ്ന്ന ജാതിക്കാരെ ക്ഷേത്രദർശനം നടത്താൻ, കല്യാണത്തിനും മറ്റും ക്ഷണിച്ചാൽ പന്തി തിരിച്ച് ഭക്ഷണം പ്രത്യേകം വിതരണം ചെയ്യുന്ന രീതി, ക്ഷണിക്കപ്പെടാത്തവരെ പന്തലിന് പുറത്ത് പറമ്പിലിരുത്തി എച്ചിൽ മാത്രം നൽകി ആട്ടിയോടിക്കൽ, താഴ്ന്ന ജാതിക്കാരെ നേർക്കുനേരെ കണ്ടാൽ അയിത്തം ഉണ്ടായിരുന്ന അവസ്ഥ എന്നീ അനാചാരങ്ങളും ഇന്ന് നമ്മുക്ക് മനസാക്ഷിയെ അതിശയിപ്പിക്കുന്ന തരത്തിലുള്ള ദൂഷ്പ്രവണതകളും നിലനിന്നിരുന്ന കാലം പുരോഗമന പ്രസ്ഥാനങ്ങളുടെയും ഹെൽ റൂട്ടുകളുടെയും സമ്മിശ്രമായ സമരങ്ങളിലൂടെയും ജീവത്യാഗങ്ങളുടെയും ഫലമായി ഇത്തരം ആചാരങ്ങൾ തുടച്ചു നീക്കാൻ സാധിച്ചിട്ടുണ്ട്.

                                                   നമ്മുടെ ബ്ലോക്കിൽ അനേകം ഗ്രന്ഥശാലകളും കലാകായിക സമിതികളും സജീവമായി ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഗ്രന്ഥശാല സംഘത്തിൽ അഫിലിയേറ്റ് ചെയ്ത 36 ഗ്രന്ഥശാലകൾ ബ്ലോക്ക് പ്രദേശത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

                                                   നമ്മുടെ ബ്ലോക്കിലെ പ്രധാന മതവിഭാഗങ്ങൾ ഹിന്ദുക്കളും മുസ്ലീങ്ങളുമാണ്. നാമമാത്രമായി മറ്റു വിഭാഗങ്ങളുമുണ്ട്. ഏത് മത വിഭാഗത്തിൽ പെട്ടവരാണെങ്കിലും സാമുദായിക സൗഹൃദം തകർക്കുന്ന സംഭവങ്ങൾ ഇവിടെ നടക്കാറില്ല. ആരാധനാലയങ്ങളോട് അനുബന്ധിച്ചുള്ള ഉത്സവങ്ങളെ മതപരമായ ആഘോഷങ്ങൾ എന്നതിലുപരി എല്ലാ വിഭാഗങ്ങൾക്കും പങ്കെടുക്കുന്ന തരത്തിൽ പ്രാദേശികോത്സവങ്ങൾ എന്ന നിലയിലാണ് ജനങ്ങൾ വിഭക്ഷിക്കുന്നത്. തിരുവാതിരയും പെരുന്നാളും വിഷു മുതലായ ആഘോഷങ്ങൾ പരസ്പരം നൽകി അംബരം ഒന്നിപ്പിച്ചും കൊണ്ടാടുന്നവരാണ് നമ്മുടെ ഗ്രാമീണർ. വിവാഹാഘോഷങ്ങളിൽ ജാതി മത ഭേദമില്ലാതെ പരസ്പരം ക്ഷണിച്ചും, പങ്കെടുത്തും സൗഹൃദത്തിന്റെ അന്തരീക്ഷം വിപുലമാക്കിക്കൊണ്ടിരിക്കുകയാണ്. വെങ്ങളത്തെ ഹംസ കുളങ്ങര ക്ഷേത്രവും, അതിനോട് തൊട്ടടുത്തു തന്നെ തലയുയർത്തി നിൽക്കുന്ന പള്ളിയും, ശംഖ് നാദവും തക്ബീർ ധ്വനിയും ഏക ശ്രുതിയിൽ സമന്വയിച്ച് സാഹോദര്യത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും ഉത്തമ മാതൃകയായി ഇന്നും നിലകൊള്ളുന്നു.

                                                    മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പുള്ള നമ്മുടെ ബ്ലോക്ക് പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അവസ്ഥയിൽ നിന്ന് വമ്പിച്ച മാറ്റം ദൃശ്യമായി തുടങ്ങിയത് ഗൾഫ് മേഖലയിലേക്കുള്ള ഞങ്ങളുടെ പ്രവാഹവും അതിൽ നിന്നുള്ള വരുമാനവും വന്നു തുടങ്ങിയതോടെയാണ്. അതിനു മുമ്പ് കാർഷിക മേഖലയിലെ വരുമാനത്തെ മാത്രം ആശ്രയിച്ച് പട്ടിണിയും പാവങ്ങളും കഠിനമായ ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ജനങ്ങളുടെ ജീവിത നിലവാരം ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെയും അതിശയിപ്പിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഉണ്ടായ ഈ മാറ്റം നമ്മുടെ ബ്ലോക്ക് പഞ്ചായത്തിലും ദൃശ്യമാണ്. കാർഷിക മേഖലയുണ്ടായ മുന്നേറ്റവും ഉൽപ്പന്നങ്ങളുടെ വിലയിടിവും പ്രത്യേകിച്ച് അന്യവരുമാനം ലഭിച്ചിരുന്ന നാളികേരത്തിന്റെ വിലത്തകർച്ച നമ്മുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ പരമ്പരാഗത ചെറുകിട വ്യവസായ മേഖലയിലെ പ്രതിസന്ധിയും ഭൂരിപക്ഷ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ട്.അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ 15 വർഷങ്ങളിലായി ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായവും നമ്മുടെ പ്രദേശത്തും സാമ്പത്തിക സ്ഥിതിയിൽ ഗുണകരമായ വലിയ മാറ്റം ഉണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. 

                         

കൊയിലാണ്ടി പട്ടണത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ ബ്ലോക്ക് പഞ്ചായത്തിന് പന്തലായനി എന്നു പേര് വന്നതിന്റെ ചരിത്രം പരിശോധിക്കുമ്പോൾ പന്തലായനി 14-ാം നൂറ്റാണ്ടിന് മുമ്പ് തന്നെ പ്രസിദ്ധി കേട്ട സ്ഥലമാണെന്ന് കാണാം. ലോക സഞ്ചാരിയായ ഇബ്നുബത്തൂത്ത തന്റെ സഞ്ചാര സാഹിത്യ കൃതിയിലും വേലായുധൻ പണിക്കശ്ശേരിയുടെ കേരളം നൂറ്റാണ്ടുകൾക്ക് മുമ്പ് എന്ന പുസ്തകത്തിലും ഈ പ്രദേശം പന്തരീന എന്നാണ് അറിയപ്പെട്ടതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നായിരിക്കാം ഈ പ്രദേശത്തെ പന്തലായനി എന്നറിയപ്പെട്ടതെന്നുമാനിക്കാം. കൂടാതെ പഴയക്കാർ പറയുന്നതും കൊട്ടാരത്തിൽ ശകുന്തളയുടെ ഐതീഹ്യമാലയിൽ പ്രതിപാദിച്ചിട്ടുള്ളതുമായ മറ്റൊരു ചരിത്രം തെക്കൻ കൊടുത്തുനിന്നു ഒരു സംഘം വിഷഹാരികൾ കച്ചവടത്തിനായി ഇവിടെ കപ്പലിറങ്ങി (കൊല്ലത്ത്). കുറച്ചു ദൂരമ നടന്നപ്പോൾ പന്തലപോലെ പടർന്ന് പന്തലിച്ചു നിൽക്കുന്ന ഒരു അയനി വൃക്ഷത്തിന്റെ ചുവട്ടിൽ വിശ്രമിച്ചെന്നും, അവരാണ് ഈ പ്രദേശത്തിന് പന്തലായനി എന്ന് പേരിട്ടതെന്നും സൂചിപ്പിക്കുന്നു.

                                                                           2010 വരെ മൂടാടി, അരിക്കുളം, ചേങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ നാല് ഗ്രാമ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ അടങ്ങിയതായിരുന്നു പന്തലായനി ബ്ലോക്ക്. 2011 ഏപ്രിൽ മുതൽ അത്തോളി ഗ്രാമ പഞ്ചായത്തുകൂടി ഉൾപ്പെടുത്തിയതോടെ പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂവിസ്തൃതിയിൽ ഗണ്യമായ വർദ്ധനയുണ്ടായി. ഇപ്പോൾ 90.56 ച. കി. മീറ്റർ വ്യാപിച്ച് കിടക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ കിഴക്കേക്കരഭാഗത്തായി കോഴിക്കോട് കോർപ്പറേഷനും വടക്ക് മേലടി ബ്ലോക്ക് പഞ്ചായത്തിനുമിടയിൽ കിടക്കുന്ന ഒരു തീരദേശ ബ്ലോക്കാണിത്. മൂടാടി, ചേങ്ങോട്ടുകാവ്, ചേമഞ്ചേരി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ഭൂരീഭാഗം പ്രദേശങ്ങളും കടലോര പ്രദേശങ്ങളും അരിക്കുളം, അത്തോളി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ഭൂരീഭാഗം പ്രദേശങ്ങളും സമതലം, കുന്നിൻപ്രദേശം എന്നിവ ഉൾപ്പെടുന്നവയാണ്.കൊയിലാണ്ടി മുനിസിപ്പാലിറ്റി സ്ഥിതിചെയ്യുന്നത് മൂടാടി, ചേങ്ങോട്ടുകാവ് പഞ്ചായത്തുകൾക്കിടയിലാണെന്നതാണ് ഈ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേകത. നാഷണൽ ഹൈവേ (എൻ.എച്ച് 17), റെയിൽപാത എന്നിവ ചേമഞ്ചേരി, ചേങ്ങോട്ടുകാവ്, മൂടാടി, എന്നീ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നു. ഭൂപ്രദേശത്തിന്റെ വലിയൊരു ഭാഗം തീരപ്രദേശമായതിനാൽ സമതല പ്രദേശമാണ് ഭൂരീഭാഗവും. ഭൂപ്രകൃതി അനുസരിച്ച് പന്തലായനി ബ്ലോക്കിനെ തീരപ്രദേശം, സമതലം, കുന്നിൻപ്രദേശം, ചതുപ്പുനിലം, പശ്ചിമരാശി മണൽപ്രദേശം എന്നിങ്ങനെയായി തിരിക്കാം. അരിക്കുളത്തിന്റെയും, അത്തോളി ഗ്രാമ പഞ്ചായത്തിന്റെയും കുറെ ഭാഗങ്ങൾ കുന്നുകളും, മലകളും കൂടുതലുള്ള പ്രദേശങ്ങളുമാണ്

                                                                             മൂടാടി, ചേങ്ങോട്ടുകാവ്, ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഏകദേശം 20% ഭൂപ്രദേശം ഉൾപ്പെടുന്നതാണ് തീരമേഖല. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 15 മീറ്റർ ഉയരത്തിലുള്ള പ്രകൃതി സുന്ദരമായ ഉരുപുണ്ണിക്കാവ്, കടലൂർ ലൈറ്റ് ഹൗസ്, ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് ബീച്ച് എന്നീ പ്രധാനകേന്ദ്രങ്ങൾ ഉൾപ്പെട്ടതാണ് തീരദേശം. തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കടലിൽ കാണപ്പെടുന്ന ചെങ്കൽ പാറകളിൽ കല്ലുമ്മക്കായ (കടുക്ക) വ്യാപകമായതിൽ കുറവുന്നു. ഈ ഭൂവിഭാഗത്തിൽ പ്രധാനമായും കൃഷിചെയ്യുന്നത് നാളികേരമാണ്. തെങ്ങിന് ഏറ്റവും യോജിച്ച മണ്ണാണ് ഈ മേഖലയിൽ. കോട്ടയ്ക്കൽ മുതൽ കാപ്പാട് വരെയുള്ള തീരപ്രദേശത്ത് തൊണ്ട് ചീഴ്ത്തി ചകിരി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ധാരാളം ആളുകളുണ്ടായിരുന്നു. എന്നാൽ ഇന്ന് ഈ തൊഴിലിൽ ഏർപ്പെടുന്നവർ ഇല്ലെന്നുതന്നെ പറയാം. തീരപ്രദേശങ്ങളിൽ മത്സ്യ ബന്ധനത്തിലേർപ്പെട്ട ദരിദ്ര ജനവിഭാഗങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഗൾഫ് മേഖലയിൽനിന്നുമുള്ള വരുമാനത്തിന്റെ ഫലമായി ഈ മേഖലയിലെ ജീവിത നിലവാരം നല്ല നിലയിൽ മെച്ചപ്പെട്ടിട്ടുണ്ട്.

                                                                                  പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂവിസ്തൃതിയിൽ ഏകദേശം 50 ശതമാനത്തോളം സമതലപ്രദേശമാണ്. ഫലഭൂയിഷ്ഠമായ ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്ന് 3-4 മീറ്റർ ഉയരത്തിലാണ്. 25-30 വർഷങ്ങൾക്കുമുമ്പ് വരെ നെൽകൃഷിയിൽ സമൃദ്ധമായിരുന്ന ഈ ഭൂപ്രദേശത്തിന്റെ സിംഹഭാഗവും വയലുകൾ നികത്തി പുരയിടങ്ങളാക്കി തെങ്ങ് കൃഷിയും തുടങ്ങിയതോടെ നെൽകൃഷി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് പറയാം. തെങ്ങാണ് പ്രധാനകൃഷി. കൂടാതെ ഇടവിളയായി കുരുമുളക്, കവുങ്ങ്, വാഴ എന്നിവയും കൂടുതലായി കൃഷി ചെയ്യുന്നു. അരിക്കുളം പഞ്ചായത്തിലെ ഏകദേശം 800 ഏക്കറോളം വരുന്ന വെളിയന്നൂർ ചല്ലിപ്രദേശവും മൂടാടിയിലെ 500 ഏക്കറോളം വരുന്ന പാടശേഖരവും ചേങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏകദേശം 350 ഏക്കറോളം വരുന്ന കൊങ്ങംവെള്ളി, പാലംതലക്കൽ, ചേമഞ്ചേരിയിലെ പുണ്ടപ്രാടം, ചാത്തന്താടൽ, അപ്പച്ചൻകാവ് പ്രദേശവും, അത്തോളിയിലെ മൊടക്കല്ലൂർ, കുളക്കാട് പ്രദേശവും നീർത്തടങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും മൂലം നെൽകൃഷി നടത്തുവാൻ കഴിയാതെ തരിശായി കിടക്കുന്നു. മൂടാടിയിലെ മൂച്ചുകുന്ന്, അരിക്കുളത്തെ മഞ്ഞളൂട്ടുകുന്ന്, അത്തോളിയിലെ മൊടക്കല്ലൂർ പ്രദേശത്തും മുൻകാലങ്ങളിൽ കശുമാവ് കൃഷി ധാരാളമായി കൃഷി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 

                                                                     അരിക്കുളം, അത്തോളി ഗ്രാമ പഞ്ചായത്തുകളിൽ കവുങ്ങ് കൃഷി സാധാരണപോലെ കൃഷി ചെയ്ത് വരുന്നുവെങ്കിലും മറ്റു മൂന്ന് ഗ്രാമ പഞ്ചായത്തുകളിലും കവുങ്ങ് കൃഷിയിൽ പിന്നോട്ടുപോയിട്ടുണ്ട്. ഒരുകാലത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനങ്ങളുടെ ഒരു പ്രധാനകൃഷിയായിരുന്നു വെറ്റില. ഈ കൃഷിയും അന്യം നിന്നുപോയ അവസ്ഥയിലാണിന്ന്. പുതിയ തലമുറക്ക് കാർഷിക വൃത്തിയോടുള്ള താല്പര്യക്കുറവും, ഈ മേഖലയിൽ തൊഴിലെടുക്കുവാൻ വിമുഖത കാണിക്കുന്ന അവസ്ഥയും, കാലാവസ്ഥയിലാകുന്ന മാറ്റവും, കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിവും മൂലം കാർഷിക മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്.ഈ പ്രദേശങ്ങളിൽ മൂന്ന് തവണ കൃഷിയിറക്കുവാൻ സാധിച്ചിരുന്നു. പല കാരണങ്ങളാൽ ഇന്ന് ഒരു തവണ പോലും കൃഷി നടത്താൻ കഴിയാത്ത സ്ഥിതിയിലാണുള്ളത്. പ്രധാനകാരണം ഈ ഭൂപ്രദേശത്തുകൂടി കടന്നുപോകുന്ന കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായി പണിതീർത്ത ബ്രാഞ്ച് കനാലിന്റെ വികലമായ ആസൂത്രണത്തിന്റേയും അശാസ്ത്രീയമായ നിർമ്മാണവും മൂലം കർഷകർ വളരെ അധികം പ്രയാസപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ഉൾപ്പെട്ടുകിടക്കുന്ന ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങൾ കൃഷിചെയ്യാനുതകുന്ന തരത്തിൽ തോടുകളും തടയിണകളും നിർമ്മിച്ചാൽ ഗണ്യമായ തോതിൽ നെൽകൃഷി നടത്താൻ സാധിക്കും. ഈ ലക്ഷ്യം മുന്നിൽകണ്ട് കൃഷി വികസനം പഠനറിപ്പോർട്ട് എന്ന പേരിൽ 2013-14 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പഠനപ്രവർത്തനങ്ങളുടെ ഫലമായി ഏതാണ്ട് 28 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നതും പാരമ്പര്യങ്ങളുടെ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുന്നതുമായ സി.ഡബ്ല്യു.ആർ.ഡി.എം തയ്യാറാക്കിയ പഠനറിപ്പോർട്ട് നമ്മുടെ കൈവശമുണ്ട്. ഇതിൽ പ്രതിപാദിക്കുന്ന പ്രവൃത്തികളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2015-16 വാർഷിക പദ്ധതിയിൽ 5 ലക്ഷം രൂപ വകയിരുത്തിയിരുന്നെങ്കിലും ഗുണഭോക്തൃ വിഹിതം പിരിച്ചെടുക്കുന്നതടക്കമുള്ള സാങ്കേതിക തടസ്സങ്ങളാൽ, പ്രത്യേക സർക്കാർ അനുമതിക്ക് പ്രതീക്ഷിക്കുകയാണ്.

                                                                   സമുദ്ര നിരപ്പിൽനിന്ന് ഏതാണ്ട് 25-30 മീറ്റർ ഉയരത്തിലാണ് കുന്നിൻ പ്രദേശങ്ങൾ സ്ഥിതിചെയ്യുന്നത്. മൂടാടിയിലെ അരോളംവരുന്ന കുന്നിൻപ്രദേശങ്ങളും അരിക്കുളത്തെ കുന്നിൻപ്രദേശങ്ങളും അത്തോളിയിലെ അഞ്ചും, ചേങ്ങോട്ടുകാവിൽ നാലും ചേമഞ്ചേരിയിൽ നാലും ഉൾപ്പടെ പ്രദേശങ്ങളാണ് പന്തലായനി ബ്ലോക്കിലെ കുന്നിൻ പ്രദേശം. ഭൂവിഭാഗത്തിൽ ഏകദേശം മുപ്പത് ശതമാനം വരുന്ന ചെങ്കൽ പാറകളും, ചരൽ പ്രദേശങ്ങളും നിറഞ്ഞതാണ് ഈ പ്രദേശം. ഒരുകാലത്ത് പ്രധാനകൃഷി കശുമാവായിരുന്നു. തെങ്ങ്, കവുങ്ങ്, വെറ്റില എന്നിവയും കൃഷി ചെയ്തിരുന്നു. കുന്നിൻ പ്രദേശങ്ങളിൽ കാണുന്ന ചെങ്കൽപാറകൾ പൂർണ്ണമായും വെട്ടിയെടുത്തത് മൂലം വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

                                                                  കോരപ്പുഴ, അകലാപ്പുഴ, അണലപ്പുഴ എന്നിവ ബ്ലോക്കിലെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്ന പ്രധാനനദികളാണ്. അതുകൊണ്ടുതന്നെ പ്രധാനജലസ്രോതസ്സുകൾ നദികളാണെന്ന് പറയാം. കൂടാതെ 280 ൽ അധികം വരുന്ന പൊതുകുളങ്ങളും, സ്വകാര്യ കുളങ്ങളും നിലവിലുണ്ട്. കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഏതാണ്ട് 17182 ൽ അധികം വരുന്ന കിണറുകളും അഞ്ച് ഗ്രാമ പഞ്ചായത്തുകളിലായിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള കടൽ സാമീപ്യം മൂന്ന് ഗ്രാമ പഞ്ചായത്തുകളിലൂടെയും ജലസ്രോതസ്സുകളെ പരിപോഷിപ്പിക്കുന്നു. പ്രകൃതി ദത്തമായ ജലസമ്പത്ത് നമുക്കുണ്ടെങ്കിലും കുടിവെള്ള പ്രശ്നത്തിന്റെ രൂക്ഷത അനുഭവപ്പെടുന്ന ചില കുന്നിൻ പ്രദേശങ്ങളും തീരദേശപ്രദേശങ്ങളും ബ്ലോക്ക് പഞ്ചായത്തിലുണ്ട്. കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങളിലേയും പോലെ രണ്ട് വർഷപാതങ്ങൾ ഇവിടെയും ലഭിക്കാറുണ്ട്. കാലവർഷവും, തുലാവർഷവും, ഏപ്രിൽ, മെയ് മാസങ്ങളിൽ ചിലപ്പോൾ വേനൽ മഴയും ലഭിക്കാറുണ്ട്. എന്നാൽ സുലഭമായി ലഭിക്കുന്ന മഴവെള്ളം ഫലപ്രദമായി കൈകാര്യം ചെയ്ത് ജലസമ്പത്ത് വർദ്ധിപ്പിക്കുവാൻ സാധിക്കാത്തതിനാൽ ഭാവിയിൽ ജലസ്രോതസ്സുകളുടെ നാശമായിരിക്കും സംഭവിക്കുക.മനുഷ്യ സമൂഹം പരിസ്ഥിതിക്കേൽപ്പിക്കുന്ന ആഘാതം ജൈവ വൈവിധ്യത്തെതന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് മലബാർ മേഖലയിലെ ജൈവസമ്പത്തിനെക്കുറിച്ച് വിദേശിയായ ചരിത്രകാരൻ വില്യം ലോഗൻ മലബാർ മാനുവലിൽ പരാമർശിച്ചിട്ടുണ്ട്. അകലാപ്പുഴയിലൂടെ അദ്ദേഹം നടത്തിയ പര്യടനങ്ങളിൽ കണ്ടകാഴ്ചകൾ വിവരിക്കുന്നുണ്ട്. പുഴകൾക്കും, കടലിനുമിടയിൽ കിടക്കുന്ന പച്ചപ്പുൽ പ്രദേശങ്ങളും, വിവിധ ഇനം വൃക്ഷങ്ങളും ചെടികളും ഉയർന്നുനിൽക്കുന്ന ഉൾനാടൻ പ്രദേശങ്ങളിലെ ജൈവ വൈവിധ്യത്തെയും പ്രകൃതി സൗന്ദര്യത്തെയും വിവരിക്കുന്നു. അഞ്ച് പഞ്ചായത്തുകളിലും വിവിധ ഭാഗങ്ങളിലായി ഒട്ടനവധി കാവുകൾ പണ്ടുകാലത്ത് പ്രകൃതിയുടെ ഒരു വരദാനമായി കണ്ടിരുന്നവെങ്കിലും മനുഷ്യ സമൂഹത്തിന്റെ ദീർഘ വീക്ഷണമില്ലാതെ ഇടപെടൽമൂലം മിക്ക കാവുകളും നാശത്തിന്റെ വക്കിലാണ്.